
അമ്പതുവർഷത്തെ കലാജീവിതം, 4,000-ത്തിലധികം വേദികൾ; മിമിക്രിയെ ജനകീയമാക്കിയ കെ.എസ്.എൻ. രാജ്
സി. അനിൽ കുമാർ
മണ്ണാർക്കാട്: മിമിക്രിയെ മലയാളികൾക്കിടയിൽ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കെ.എസ്.എൻ. രാജ് എന്ന കോഴിക്കോട്ടുകാരൻ നാഗരാജ് ഇന്ന് പൂജയുടെയും ഹോമത്തിന്റെയും മന്ത്രോച്ചാരണങ്ങളുടെയും ലോകത്താണ്. പാലക്കാട് കോങ്ങാട് എസ്റ്റേറ്റ് പടിയിലെ വൈഷ്ണവം വീട്ടിലാണ് ഇപ്പോൾ താമസം.
അനുകരണത്തിലേക്കുള്ള ചുവടുവെപ്പ്
പൂജാരിയായിരുന്ന ശങ്കരനാരായണൻ വാധ്യാരുടെയും തൈലാംബാളിന്റെയും മകനായി 1955-ലാണ് ജനനം. തളിയിൽ മണിനാദങ്ങളുടെയും ശംഖൊലിയുടെയും ചൂളംവിളിച്ചെത്തുന്ന ഒറ്റക്കണ്ണൻ തീവണ്ടിയുടെയും കടലിരമ്പത്തിന്റെയും ശബ്ദംകേട്ടുവളർന്ന ബാലൻ ശബ്ദലോകങ്ങളിലേക്ക് ആകൃഷ്ടനായതിൽ അതിശയോക്തിയില്ല.
തളി ബ്രാഹ്മണസമൂഹത്തിൽ നടന്ന വികട കച്ചേരിയാണ് നാഗരാജനെ അനുകരണലോകത്തേക്ക് അടുപ്പിച്ചത്. അന്ന് ആറുവയസ്സുമാത്രം. സന്താനം, ചന്ത്രു എന്നിവർ അവതരിപ്പിച്ച ഹാസ്യപരിപാടിയും പക്ഷിമൃഗാദികളുടെ ശബ്ദാനുകരണവും മനസ്സിൽ പതിഞ്ഞു. പതിയെ അതെല്ലാം മനഃപാഠമാക്കുകയും സ്വയം അവതരിപ്പിക്കുകയും ചെയ്തു.
ഹൈസ്കൂൾ കാലത്ത് മാനാഞ്ചിറ മൈതാനത്ത് സുഹൃത്തുക്കൾക്കു മുന്നിലായിരുന്നു പലപ്പോഴും അവതരണം. പിന്നീട് യൂണിവേഴ്സൽ ആർട്സിൽ ചിത്രകലാ പഠനത്തിനുചേർന്നു. 17-ാം വയസ്സിലാണ് ആദ്യമായി പൊതുവേദിയിൽ അനുകരണം അവതരിപ്പിക്കുന്നത്. ഐക്യകേരളം വായനശാലയുടെ പരിപാടികളിലും സ്ഥിരം സാനിധ്യമായി. തുടർവേദികൾ ലഭിച്ചു
വേദികളിൽനിന്ന് വേദികളിലേക്ക്
തിങ്ങിനിറഞ്ഞ സദസ്സുകളെ ചിരിപ്പിച്ച് ഒറ്റയ്ക്ക് പിടിച്ചിരുത്തിയ രാജ് സഹൃദയലോകത്തിന് പ്രിയപ്പെട്ടവനായി. സാങ്കേതിക സംവിധാനങ്ങൾ കുറവായിരുന്ന കാലത്ത് മൈക്കിലും കോളാമ്പിയിലും ഉയർന്ന ആ ശബ്ദത്തിനുവേണ്ടി കാണികൾ കാത്തിരുന്നു.
അമ്പതുവർഷത്തോളം നീളുന്ന കലാജീവിതത്തിൽ 4,000-ത്തിലധികം വേദികൾ കൈയടക്കി. കെ.പി. ഉമ്മർ, മധു, പ്രേംനസീർ, മുത്തയ്യ, ശിവാജിഗണേശൻ, എം.ആർ. രാധ, അശോകൻ, തിക്കുറിശ്ശിമുതൽ സുരേഷ്ഗോപിവരെയുള്ളവരുടെ ശബ്ദം കെ.എസ്.എൻ. രാജിൽ ഭദ്രം. കോഴിക്കോട് അബ്ദുൾഖാദർ, എം.എസ്. ബാബുരാജ്, പപ്പൻ, വി.എം. കുട്ടി എന്നിവരുെട ട്രൂപ്പിലേക്കു ക്ഷണം കിട്ടിയതോടെ കെ.എസ്.എൻ. രാജ് കൂടുതൽ പ്രശസ്തനായി.
ഒരുദിവസംതന്നെ അഞ്ച് വേദികളിൽ പരിപാടികൾ അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. കേരള ബ്രാഹ്മണ യുവജന സംഘടന, മാവൂർ യുവപ്രതിഭ എന്നിവ സംഘടിപ്പിച്ച അഖിലകേരള മിമിക്രി മത്സരങ്ങളിൽ തുടർച്ചയായി ജേതാവായി.
1977-ൽ കോഴിക്കോട് കേന്ദ്രമാക്കി ഡെബോണേഴ്സ് എന്ന മിമിക്രി-മാജിക് ട്രൂപ്പ് രൂപവത്കരിച്ചു. മുക്കത്തെ എം.കെ. ആലിക്കയെ പരിചയപ്പെട്ടത് മറ്റൊരു നിമിത്തമായി. മൈക്കോം എന്ന സാംസ്കാരിക സംഘടനയുടെ പരിപാടികൾക്ക് 76 തവണയാണ് മിമിക്രി അവതരിപ്പിക്കാൻ മുക്കത്തെത്തിയത്. മലയാളി അസോസിയേഷനുകളുടെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്, കർണാടക, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലുമെത്തി. യു.എ.ഇ., ബഹ്റൈൻ എന്നിവിടങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. വിളയിൽ ഫസീലയുടെ മാപ്പിളപ്പാട്ടു വേദികളിലും സാന്നിധ്യമായിരുന്നു.
രണ്ടാം വേഷത്തിലേക്കുള്ള കൂടുമാറ്റം
അന്നുമിന്നും പ്രിയം ചൂളംവിളിച്ചെത്തുന്ന ഒറ്റക്കണ്ണൻ കൽക്കരി തീവണ്ടിയുടെ താളമാണ്. അവതരണകലയിൽ ബുദ്ധിമുട്ടുള്ളത് സത്യന്റെയും കൊട്ടാരക്കര ശ്രീധരൻനായരുടെയും ശബ്ദമാണെന്ന് നാഗരാജ് പറയുന്നു.
സിനിമാസംഭാഷണങ്ങളും അനുകരണവും പഠിക്കാൻ നല്ലൊരുകാലം സിനിമാ തിയേറ്ററുകളിൽ ചെലവഴിച്ചു. ഒരു സിനിമതന്നെ അഞ്ചുതവണ കണ്ടാണ് ശബ്ദാനുകരണത്തെ തേച്ചുമിനുക്കിയെടുക്കുന്നത്. ഒട്ടേറെ ശിഷ്യരുണ്ടായി. ഗുഹ, അന്തിച്ചുവപ്പ് എന്നീ സിനിമകളിലും അഭിനയിച്ചു. പുരോഹിതനായ അച്ഛന്റെ ജോലിയാവശ്യാർഥം 1994-ൽ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കു താമസംമാറി. 2006-ൽ കെ.എസ്.എൻ. രാജിന് മലബാർ ദേവസ്വംബോർഡിനു കീഴിൽ ശാന്തിക്കാരനായി ജോലികിട്ടി. മണ്ണാർക്കാട് തച്ചനാട്ടുകര ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു ശാന്തി. ഇക്കാലത്തും പരിപാടികൾ അവതരിപ്പിച്ചു.
2020-ൽ ക്ഷേത്രത്തിലെ ശാന്തിവൃത്തിയിൽനിന്ന് വിരമിച്ചതോടെ അനുകരണകലയുടെ വേദിയോടും പൂർണമായി വിടപറഞ്ഞു. ജോത്സ്യവിധിപ്രകാരമുള്ള പൂജാകാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കല്പാത്തി ഇ.ആർ. നാരായണ വാധ്യാരുടെ കൂടെയാണ് ഇപ്പോഴുള്ള ജീവിതം. ഭാര്യ: രമ. മക്കൾ: സംഗീത, സബിത, സായ് കൃഷ്ണ.
Content Highlights: life of mimicry artist ksn raj
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]