
കമ്പനികൾ തങ്ങളുടെ ഉത്പ്പന്നത്തിന്റെ പ്രചാരണത്തിനും മറ്റുമായി സിനിമയിലെ സൂപ്പർതാരങ്ങളെ സമീപിക്കാറുണ്ട്. അത്തരം താരങ്ങളഭിനയിക്കുന്ന നിരവധി പരസ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തനിക്ക് വന്ന ഒരു വൻ ഓഫർ നിരസിച്ചതിലൂടെ സിനിമാ പ്രേക്ഷകരുടേയും ആരാധകരുടേയും കയ്യടി നേടിയിരിക്കുകയാണ് മലയാളികളുടേയുംകൂടി പ്രിയതാരമായ അല്ലു അർജുൻ. ഒരു പാൻ മസാല-മദ്യ ബ്രാൻഡിന്റെ പ്രചാരണത്തിനോടാണ് അല്ലു നോ പറഞ്ഞത്.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2-ദ റൂൾ എന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ചില രംഗങ്ങളിൽ മദ്യപിക്കുകയും മുറുക്കുകയും ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. ഈ രംഗങ്ങൾ കാണിക്കുമ്പോൾ തങ്ങളുടെ ബ്രാൻഡിന്റെ ലോഗോ സ്ക്രീനിൽ കാണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പാൻ മസാലാ-മദ്യ ബ്രാൻഡ് അല്ലു അർജനേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും സമീപിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിന് പത്തുകോടി രൂപയാണ് അവർ അല്ലു അർജുന് വാഗ്ദാനം ചെയ്തത്. ഈ ഓഫറാണ് അല്ലു അർജുൻ നിരസിച്ചത്.
ഇതാദ്യമായല്ല ലഹരി വസ്തുക്കളുടെ പ്രചാരണത്തിനോട് അല്ലു അർജുൻ മുഖംതിരിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗം ഇറങ്ങിയശേഷം ഒരു പുകയില കമ്പനി തങ്ങളുടെ ടെലിവിഷൻ പരസ്യത്തിൽ അഭിനയിക്കാൻ അല്ലു അർജുനെ ക്ഷണിച്ചിരുന്നു. അന്നും താരം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു.
ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം. ചന്ദനക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന വില്ലനെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിലേതിനെക്കാളും സ്ക്രീൻ സ്പേസ് രണ്ടാം ഭാഗത്തിൽ ഫഹദിനുണ്ടാകുമെന്നാണ് വിവരങ്ങൾ. 2024 ഓഗസ്റ്റ് 15 ന് ‘പുഷ്പ: ദി റൂൾ’ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]