
ബെംഗളൂരു: ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ് നടത്തിയ യുവാവും സംഘവും അറസ്റ്റിൽ. ബെംഗളൂരുവിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിലായത്. ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് ആണ് ഹണിട്രാപ് സംഘത്തെ പൊക്കിയത്.
വ്യവസായിയായ അദിയുല്ല എന്നയാളെയാണ് സംഘം ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. ദമ്പതികളായ ഖലീമും സബയും ചേർന്നാണ് ഹണിട്രാപ്പ് ഒരുക്കിയതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് പറയുന്നത് ഇങ്ങനെയാണ്. ഖലീം വ്യവസായിയായ അദിയുല്ലയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ഭാര്യ സബയുമായി അദിയുല്ലയുടെ അടുത്തെത്തി. സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞാണ് പ്രതി വ്യവാസിയിക്ക് മുന്നിൽ അവതരിപ്പിച്ചത്.
വിധവയായ സ്ത്രീയാണെന്നും സഹായിക്കാൻ ആരുമില്ലെന്നും കൂടെ നിർത്തി സംരക്ഷിക്കണമെന്നും ഖലീം വ്യവസായിയോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് ഫോൺ നമ്പർ വാങ്ങിയ സബ തന്ത്രപൂർവം അദിയുല്ലയുമായി അടുത്തു. ഇരുവരും തമ്മിൽ മൊബൈലിൽ സന്ദേശങ്ങൾ കൈമാറുന്നത് പതിവായി. ഇതിനിടെ ആർആർ നഗർ പ്രദേശത്തെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ആധാർ കാർഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. സബ പറഞ്ഞത് വിശ്വസിച്ച് അദിയുല്ല ഹോട്ടലിലെത്തി.
സബയുചെ മുറിയിലെത്തിയ അദിയുല്ലയെ പ്രതികൾ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാൻ ആറു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വ്യവസായി പണം നൽകാൻ തയ്യാറായില്ല. ഇരുകൂട്ടരും തമ്മിലുള്ള ഭീഷണിയും വാക്കേറ്റവും വലിയ തർക്കത്തിലേക്ക് നീങ്ങി. ബഹളം പുറത്ത് കേട്ടതോടെ പന്തികേട് തോന്നിയ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ അദിയിലുല്ല തന്നെ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമം നടന്നെന്ന് പറഞ്ഞതോടെ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആർആർ നഗർ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അറസ്റ്റിലായ പ്രതികൾ ഇതിനു മുൻപും ഹണിട്രാപ്പ്, കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മറ്റ് സേറ്റേഷനിൽ കേസുകളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]