
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം-വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാെണെന്ന് പ്രതിപക്ഷ നേതാവു വി.ഡി.സതീശൻ. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടും കേസ് കോടതിയിൽ പരാജയപ്പെട്ടതിന് പിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാർ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാൻ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നു. വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതിവിധി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളിൽ സർക്കാരിന് അൽപം പോലും ഗൗരവം ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. അപ്പീൽ പോയതുകൊണ്ട് മാത്രം പരിഹാരമാകില്ല. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പകൽ പോലെ വ്യക്തമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.
പ്രോസിക്യൂഷൻ അങ്ങേയറ്റം ദുർബലമായിരുന്നു. പ്രതിക്ക് ഒളിവിൽ പോകുന്നതിനുള്ള സഹായം നൽകിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന ആരോപണം നേരത്തേയുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് അടക്കാൻ ശ്രമിച്ചതും കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു. എസ്.സി എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചത് ദുരൂഹമാണ്.
പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നിയമ സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാർ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും ഗൗരവമുള്ള നടപടികൾ ഉണ്ടായില്ലെന്നത് അപലപനീയമാണ്.
കുട്ടിയുടെ അമ്മ കോടതി വളപ്പിൽ നീതി തേടി നിലവിളിക്കുമ്പോൾ ആ ശബ്ദം കേരളത്തെ ഒന്നാകെ പൊള്ളിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. പൗരപ്രമുഖരുടെ പ്രശ്നങ്ങൾ മാത്രം ഇരുന്ന് കേൾക്കുന്ന മുഖ്യമന്ത്രിയും സർക്കാരും ഈ അമ്മയുടെ ചങ്കുപൊട്ടിയുള്ള വേദന കൂടി കാണണം.