
ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ലിവിങ് ടുഗെതര്‍ പാര്‍ട്ണര്‍ അറസ്റ്റിലായി. ഇന്‍ഡോറില്‍ ബുധനാഴ്ചയാണ് പ്രതി അറസ്റ്റിലായത്. യുവതി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രവീണ്‍ സിങ് ദക്കഡ് എന്ന 24 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും ഏതാനും ദിവസം മുമ്പാണ് ഇന്‍ഡോറിലെത്തിയതും തുടര്‍ന്ന് വാടക വീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം തുടങ്ങിയതും. രാവോജി ബസാറിലാണ് ഇവര്‍ വാടകയ്ക്ക് വീടെടുത്തത്. ഏതാനും ദിവസങ്ങള്‍ മാത്രമേ അവിടെ താമസിച്ചിട്ടുള്ളൂ. ഇതിനിടെ യുവതി പ്രവീണ്‍ സിങുമായി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കുപിതനായ യുവാവ് കത്രികയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.
രക്തം വാര്‍ന്ന് അവിടെ കിടന്നുതന്നെ യുവതി മരണപ്പെടുകയും ചെയ്തു. ഭയന്നുപോയ പ്രവീണ്‍ സിങ്, യുവതിയെ വീടിനുള്ളില്‍ ഉപേക്ഷിച്ച ശേഷം വീട് പുറത്തു നിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ എടുത്തുകൊണ്ടുപോയി. ഡിസംബര്‍ ഏഴാം തീയ്യതിയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. രണ്ട് ദിവസം കഴിഞ്ഞ് ഡിസംബര്‍ ഒന്‍പതിനാണ് കൊലപാതക വിവരം പുറത്തുവന്നത്. ഉടന്‍ തന്നെ പൊലീസ് പ്രവീണ്‍ സിങിനായി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തിയത്.
Last Updated Dec 14, 2023, 11:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]