
കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് തിരക്കഥ. 2008 സെപ്റ്റംബർ 12-ന് പുറത്തിറങ്ങിയ ഈ ചിത്രം വലിയ ഹിറ്റായിരുന്നു. 2008-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രം നേടി.
താരപ്രഭയിൽ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അഭിനയരംഗം വിടുകയും വിസ്മൃതിയിലാവുകയും ചെയ്ത മാളവിക എന്ന നടിയുടെയും പിൽക്കാലത്ത് താരരാജാവായി വളർന്ന അജയചന്ദ്രനും തമ്മിലുള്ള പ്രണയവും പ്രണയ നഷ്ടവും ഒക്കെയാണ് ചിത്രത്തിന്റെ കാതല്‍.
അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് അന്ന് തന്നെ പ്രചരിച്ചിരുന്നു. കഥയിലെ സാമ്യങ്ങളും ചലച്ചിത്രം ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ അഭിപ്രായങ്ങള്‍ അന്ന് ഉയരാന്‍ ഇടയാക്കി. അതിനെ ചുറ്റിപറ്റി വിവാദങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഉലഗ നായകന് കമല്ഹാസന് തന്നെ നേരിട്ട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് അനൂപ് മേനോന്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഇത് സംബന്ധിച്ച് അനൂപ് മേനോന് പറയുന്നത്. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊച്ചി ഹോളിഡേ ഇന്നില്‍ വച്ച് അനൂപ് മേനോന് കമല്‍ഹാസനെ കണ്ടത്.
“നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല ആ കഥ.രഞ്ജിത്തിനോട് പറയണം ആ കഥ അങ്ങനെയല്ല. ഞാന്‍ അവസാനം വിദ്യയെ കാണാന്‍ പോയത് അതിനല്ല. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി അതല്ല” – കമല്‍ പറഞ്ഞു. “പിന്നെ എന്തിനാണ് സാര്‍ പോയത്” എന്ന് അനൂപ് മേനോന് തിരിച്ച് ചോദിച്ചു. അതിന് ചിരിച്ചുകൊണ്ട് കമല്ഹാസന് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. “അത് പറയണമെങ്കില്‍ ഞാന്‍ കമല്ഹാസന് അല്ലായിരിക്കണം”.
അതിനാല്‍ തന്നെ അത് മിസ്റ്ററിയാണെന്നും അനൂപ് മേനോന് പറയുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രമാണ് എന്നും അനൂപ് മേനോന് പറയുന്നു.
Last Updated Dec 13, 2023, 6:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]