

First Published Dec 10, 2023, 7:54 PM IST
റിയാദ്: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട തെലങ്കാന സ്വദേശിനി റിയാദ് എയർപോർട്ടിൽ കുടുങ്ങി. പാസ്പോർട്ടിൻറെ കാലാവധി കഴിഞ്ഞതാണ് ഹൈദരാബാദ് കുന്ദ ജഹാനുമ സ്വദേശിനി സെയ്ദ മലേക എന്ന 35 കാരിയെ മൂന്നുദിവസം ദുരിതത്തിലാക്കിയത്.
ഖാർത്തൂമിൽ നിന്ന് സുഡാൻ എയർവേയ്സിൽ കഴിഞ്ഞ ബുധനാഴ്ച റിയാദിലിറങ്ങിയ അവരുടെ കൈയ്യിൽ മൂന്നുവർഷം മുമ്പ് കാലാവധി അവസാനിച്ച പാസ്പോർട്ടാണുള്ളതെന്ന് മനസിലാക്കി എയർ ഇന്ത്യ കൊണ്ടുപോകാൻ വിസമ്മതിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ മൂന്നുദിവസം രാവും പകലും എയർപ്പോർട്ട് ടെർമിനലിൽ തന്നെ കഴിച്ചുകൂട്ടി. ട്രാൻസിറ്റ് യാത്രക്കാരി ആയതിനാൽ എയർപ്പോർട്ടിൽനിന്ന് പുറത്തുകടക്കാൻ അനുമതിയുമുണ്ടായിരുന്നില്ല.
മലയാളി സാമൂഹികപ്രവർത്തകരും ഇന്ത്യൻ എംബസിയും ഇടപെട്ടാണ് പ്രശ്നപരിഹാരം കണ്ടത്. 17 വർഷം മുമ്പ് ഒരു സുഡാനി പൗരനെ വിവാഹം കഴിച്ചാണ് ഖാർത്തൂമിലേക്ക് പോയത്. അവിടെ നല്ല നിലയിൽ സന്തുഷട്മായി കഴിഞ്ഞുവരികയാണ്. ദമ്പതികൾക്ക് നാല് മക്കളുമുണ്ട്. നാടുമായി ബന്ധം പുലർത്തുന്ന മലേക ഏഴ് വർഷം മുമ്പുവരെ കൃത്യമായ ഇടവേളകളിൽ നാട്ടിൽ പോയി വന്നിരുന്നു. പിതാവ് സെയ്ദ ഗൗസും മാതാവ് ഷഹീൻ ബീഗവും മറ്റ് അടുത്ത ബന്ധുക്കളുമാണ് നാട്ടിലുള്ളത്.
2020ൽ പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞു. അന്നത് ശ്രദ്ധയിൽപെട്ടില്ല. പിന്നീട് നാട്ടിൽ പോകാൻ ആഗ്രഹം തോന്നിയ സമയത്താണ് ഈ പ്രശ്നം മനസിലാക്കുന്നത്. എന്നാൽ അപ്പോഴേക്കും രാജ്യം സംഘർഷത്തിൽ അമർന്നുകഴിഞ്ഞിരുന്നു. ഖാർത്തൂമിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. പാസ്പോർട്ട് പുതുക്കാനായില്ല. സംഘർഷ സാഹചര്യത്തിൽ സുഡാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവൺമെൻറ് ഏർപ്പെടുത്തിയ ‘ഓപ്പറേഷൻ കാവേരി’യെ കുറിച്ചറിഞ്ഞതുമില്ല.
ഒടുവിൽ രണ്ടും കൽപിച്ച് ഖാർത്തൂമിൽനിന്ന് നാട്ടിലേക്ക് സുഡാൻ എയർവേയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. പാസ്പോർട്ട് കാലാവധി കഴിഞ്ഞതൊന്നും സുഡാൻ എയർവേയ്സിന് പ്രശ്നമായില്ല. അവർ റിയാദിലെത്തിച്ചു. കണക്ഷൻ ഫ്ലൈറ്റായാണ് ഡിസംബർ ആറിന് വൈകീട്ട് നാലിന് റിയാദിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്രാനടപടിക്കായി പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞെന്ന് വെളിപ്പെട്ടത്. അതോടെ യാത്ര മുടങ്ങി.
ടെർമിനലിൽ കുടുങ്ങിപ്പോയ മലേകക്ക് എയർ ഇന്ത്യയുടെ എയർപ്പോർട്ട് ഉദ്യോഗസ്ഥൻ നൗഷാദ് രക്ഷകനായി. ഭക്ഷണം എത്തിച്ചുകൊടുക്കുകയും വിവരം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യൻ എംബസിയെ അറിയിക്കുകയും ചെയ്തു.
Read Also –
എംബസിയുടെ പാസ്പോർട്ട് സിസ്റ്റത്തിൽ പരിശോധിച്ചപ്പോൾ മലേകയുടെ വിവരങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. തുടർന്ന് ഡൽഹിയിലെ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.
എംബസിയിലെ കോൺസുലർ അറ്റാഷെ അർജുൻ സിങ്ങിെൻറ ഇടപെടലാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. വ്യാഴാഴ്ച രാത്രി എട്ടോടെ എമർജൻസി പാസ്പോർട്ട് (ഇ.സി) ഇഷ്യൂ ചെയ്യാനായി. ഉടൻ അത് എയർപ്പോർട്ടിലെത്തിച്ച് മലേകക്ക് കൈമാറി. അനിശ്ചിതത്വത്തിന് അറുതിയായി വെള്ളിയാഴ്ച വൈകീട്ട് നാലിനുള്ള എയർ ഇന്ത്യ വിമാനത്തിൽ മലേക നാട്ടിലേക്ക് തിരിച്ചു. സാമുഹികപ്രവർത്തകരായ ശിഹാബ് െകാട്ടുകാട്, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ൈഫസൽ എന്നിവരാണ് സഹായത്ത് രംഗത്തുണ്ടായിരുന്നത്.
Last Updated Dec 10, 2023, 7:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]