കോട്ടയം: സുൽത്താൻ ബത്തേരിയിൽ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയിൽ വിട്ടാൽ തൊട്ടടുത്ത ജനവാസ മേഖലയിൽ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ, കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.
നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്ണന് എംഎല്‍എ, ഡിഎഫ്ഒ ഷജ്ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Dec 10, 2023, 10:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]